ഭൂമി തരം മാറ്റ അപേക്ഷകള്‍ 6 മാസം കൊണ്ട് തീർപ്പാക്കണം - നിര്‍ദ്ദേശം അംഗീകരിച്ചു
ഭൂമി തരം മാറ്റ അപേക്ഷകള്‍ 6 മാസം കൊണ്ട് തീര്‍പ്പാക്കുന്നതിനുള്ള റവന്യു വകുപ്പിന്റെ സമഗ്രമായ നിര്‍ദ്ദേശം അംഗീകരിച്ചു കൊണ്ട് ഇന്ന് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു.
സര്‍ക്കാര്‍ ഉത്തരവിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ താഴെ പറയുന്നവയാണ്.
1. 2000 ല്‍ അധികം അപേക്ഷകള്‍ തീര്‍പ്പാക്കാനുളള റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ ഒരു ജൂനിയര്‍ സൂപ്രണ്ട്, 2 ക്ലാര്‍ക്ക്, 1 ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിങ്ങനെ ജീവനക്കാര്‍ അടങ്ങുന്ന ഒരു യൂണിറ്റ് അധിക ജീവനക്കാരെ നിയമിക്കും.
2. 5000 - ല്‍ അധികം അപേക്ഷകള്‍ തീര്‍പ്പാക്കാനുളള 9 റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍, 1 ജൂനിയര്‍ സൂപ്രണ്ട്, 4 ക്ലാര്‍ക്ക്, 1 ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിങ്ങനെ അധിക ജീവനക്കാരെ നിയമിക്കും.
3. 1000 - 2000 ഇടയ്ക്ക് അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ അവശേഷിക്കുന്ന റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍, 2 ക്ലര്‍ക്ക് , 1 ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിങ്ങനെ അധിക ജീവനക്കാരെ നിയമിക്കും.
4. 1000 ല്‍ താഴെ അപേക്ഷകള്‍ നിലനില്‍ക്കുന്ന റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍, നിലവിലുളള സ്റ്റാഫിന് പുറമേ, വകുപ്പിനുളളില്‍ നിന്നു തന്നെ അധിക ജീവനക്കാരെ വിന്യസിച്ച് അപേക്ഷകള്‍ തീര്‍പ്പാക്കണം.
5. അപേക്ഷകളുടെ എണ്ണം 100-ന് മുകളില്‍ വരുന്ന വില്ലേജുകളില്‍, ഭൂമിയുടെ തരം മാറ്റല്‍ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് മാത്രമായി, ഒരു ക്ലര്‍ക്കിനെ നിയമിക്കും.
6. 18 ആര്‍.ഡി.ഒ. ഓഫീസുകളുടെ പരിധിയില്‍ വരുന്ന 51 താലൂക്കുകളില്‍ 1 ക്ലാര്‍ക്ക്, 3 സര്‍വ്വേയര്‍ എന്നിങ്ങനെ അധിക ജീവനക്കാരെ നിയമിക്കും.
അത്തരത്തില്‍ ആകെ 18 ജൂനിയര്‍ സൂപ്രണ്ടിന്റേയും, 819 ക്ലര്‍ക്ക്/ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടേയും, 153 സര്‍വ്വേയരുടേയും അധിക തസ്തികകള്‍ സൃഷ്ടിക്കും.
വാഹന സൗകര്യം
7. വില്ലേജുകളില്‍ നിലവില്‍ യാത്രാസൗകര്യം ഇല്ലാത്തതിനാല്‍ ഫീല്‍ഡ് പരിശോധനക്കായി, 2 വില്ലേജുകളില്‍ ഒരു വാഹനം എന്ന നിലയ്ക്ക്, 680 വില്ലേജുകളില്‍ വാഹനസൗകര്യം അനുവദിക്കും.
ഐ.റ്റി അനുബന്ധ സൗകര്യങ്ങള്‍
8. അഞ്ച് കോടി തൊണ്ണൂറ്റി ഒന്‍പത് ലക്ഷത്തി തൊണ്ണൂറ്റി മൂവായിരം രൂപ (5,99,93,000/- രൂപ) ചെലവഴിച്ച് കംപ്യൂട്ടര്‍, സ്കാനര്‍, പ്രിന്റര്‍ തുടങ്ങിയവ വാങ്ങി നല്‍കും.
ആറ് മാസത്തേക്ക് ആകെ പ്രതീക്ഷിക്കുന്ന ചെലവ് - 31,61,00,540 (മുപ്പത്തിയൊന്ന് കോടി അറുപത്തിയൊന്ന് ലക്ഷത്തി അഞ്ഞൂറ്റി നാല്‍പ്പത് രൂപ).
0 Comments