കോവിഡ് 19 - ഉത്സവങ്ങള്‍ക്ക് കാള -കുതിരകളുടെ പ്രതീകങ്ങള്‍ എഴുന്നള്ളിക്കുന്നതിന് പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശം
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ മതപരമായ ഉത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിനും ജില്ലയിലെ ഉത്സവങ്ങളില്‍ കാളകളുടേയും കുതിരകളുടേയും പ്രതീകങ്ങള്‍ എഴുന്നള്ളിക്കുന്നതിനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍ മയി ജോഷി ഉത്തരവിട്ടു.
നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരം
- ജില്ലയിലെ വിവിധ ഉത്സവങ്ങളില്‍ പങ്കെടുക്കുന്ന ദേശങ്ങള്‍ക്ക് ഒരു ജോഡികാള അല്ലെങ്കില്‍ ഒരു കുതിര എന്നിവയെ എഴുന്നള്ളിക്കാം.
- കാള - കുതിര എന്നിവയെ എഴുന്നള്ളിക്കുന്ന ഘോഷയാത്രകളില്‍ പരമാവധി 25 പേരെ മാത്രം പങ്കെടുപ്പിക്കാം.
- കാള / കുതിര എഴുന്നള്ളിപ്പില്‍ രണ്ട് ഡോസ് വാക്സിനേഷന്‍ എടുത്തിട്ടുള്ളവരോ അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍. ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള 18 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവര്‍ക്ക് മാത്രം പങ്കെടുക്കാം.
- കാള /കുതിര എഴുന്നള്ളിപ്പ് സംഗമിക്കുന്ന ഉത്സവ പ്രദേശത്തിന്റെ വിസ്തീര്‍ണം അനുസരിച്ച് 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേരെ പങ്കെടുപ്പിക്കാം
- സാമൂഹിക അകലം , മാസ്‌ക് ധരിക്കല്‍, സാനിട്ടെസ് എന്നീ കോവിഡ് 19 സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.
- ഉത്സവങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണം
- നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന പക്ഷം സംഘാടകര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം 2005, കേരള പകര്‍ച്ചവ്യാധി നിയമം (ഓര്‍ഡിനന്‍സ് )2020 പ്രകാരമുള്ള നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
0 Comments